ദൈവം നല്കിയവയുടെ വിനിയോഗം
ഓസ്ട്രേലിയയിലെ ബ്രിസ്ബെൻ സിറ്റി ഹോൾ 1920 ലെ കണ്ണഞ്ചിപ്പിക്കുന്ന ഒരു നിർമ്മിതിയാണ്. മൈക്കലാഞ്ചലോ ദാവീദ് ശില്പം നിർമ്മിക്കുന്നതിന് ഉപയോഗിച്ച മാർബിൾ വെട്ടിയ അതേ ക്വാറിയിൽ നിന്നാണ് ഈ നിർമ്മിതിയുടെ പടവുകൾക്കുള്ള മാർബിളും കൊണ്ടുവന്നത്. സെന്റ്. മാർക്ക് ബസിലിക്കയും ചെമ്പുകൊണ്ടുള്ള താഴികക്കുടവും ഒക്കെ ദക്ഷിണാർദ്ധഗോളത്തിലെത്തന്നെ ഏറ്റവും വലിയ നിർമ്മിതികളായിരുന്നു. ഗോപുരത്തിന്റെ ശ്യംഗത്തിൽ ഭീമാകാരനായ ഒരു സമാധാന ദൂതന്റെ പ്രതിമ സ്ഥാപിക്കാനും നിർമ്മാതാക്കൾ ഉദ്ദേശിച്ചിരുന്നു. പക്ഷെ അതിനുള്ള പണം കണ്ടെത്താനായില്ല. പ്ളമ്മർ ആയ ഫ്രെഡ് ജോൺസൻ അതിന് പരിഹാരം കണ്ടെത്തി. ഒരു പഴയ വീപ്പയും ഒരു വിളക്കു കാലും മറ്റ് ചില പാഴ് ലോഹങ്ങളും ഒക്കെ ചേർത്ത് ടവറിന്റെ മുകളിൽ അവർ നിർമ്മിച്ച മാസ്മരിക ശില്പം 100 വർഷത്തോളം ശ്രദ്ധയാകർഷിച്ച് നിലനിന്നു.
തന്റെ കയ്യിൽ ഉണ്ടായിരുന്നവ ഉപയോഗിച്ച ഫ്രെഡ് ജോൺസനെപ്പോലെ, നമുക്കും, നമ്മുടെ പക്കൽ ഉള്ള ചെറുതും വലുതുമായ വിഭവങ്ങൾ ഉപയോഗിച്ച് ദൈവത്തിന്റെ പ്രവൃത്തി ചെയ്യാൻ കഴിയും. ദൈവം മോശയോട് ഇസ്രായേലിനെ ഈജിപ്തിൽ നിന്നും പുറത്തേക്ക് നയിക്കാൻ ആവശ്യപ്പെട്ടപ്പോൾ മോശെ തടസ്സവാദം ഉന്നയിച്ചു: അവർ എന്റെ വാക്ക് കേൾക്കാതെയിരിക്കും (4:1) എന്ന് പറഞ്ഞു. ദൈവം ചോദിച്ചു:
"നിന്റെ കയ്യിൽ ഇരിക്കുന്നത് എന്ത്?"(വാ.2). മോശെയുടെ കയ്യിൽ ഉണ്ടായിരുന്നത് ഒരു വടി മാത്രമായിരുന്നു. ആ വടി നിലത്തിടാൻ ദൈവം പറഞ്ഞു. "അത് ഒരു സർപ്പമായിത്തീർന്നു"(വാ.3). അപ്പോൾ അതിന്റെ വാലിൽ പിടിക്കാൻ മോശെയോട് പറഞ്ഞു. പിടിച്ചപ്പോൾ അത് വടിയായി മാറി. തന്റെ വടി മാത്രം എടുത്തു കൊണ്ട്, ബാക്കി കാര്യം ചെയ്യാൻ ദൈവത്തെ അനുവദിച്ചാൽ മതിയെന്നാണ് ദൈവം പറഞ്ഞത്. മോശെയുടെ കയ്യിലുള്ള വടി ഉപയോഗിച്ച് ദെെവം ഇസ്രായേലിനെ ഈജിപ്തിൽ നിന്നും രക്ഷിക്കാനിരിക്കയായിരുന്നു (7:10-12; 17:5-7).
നമ്മുടെ കൈവശമുള്ളത് നിസ്സാരമെന്ന് നമുക്ക് തോന്നിയാലും ദൈവം ഉപയോഗിച്ചാൽ അത് തികച്ചും മതിയായതാകും. അവിടുന്ന് നമ്മുടെ ലളിതമായ വിഭവങ്ങളെ തന്റെ പ്രവർത്തനത്തിനായി ഉപയോഗിക്കും.
ദൈവം നമ്മുടെ സങ്കേതം
2019 ൽ ഇറങ്ങിയ ശ്രദ്ധേയമായ സിനിമ ലിറ്റിൽ വിമൻ (Little Women) കണ്ടപ്പോൾ ഞാൻ അതിന്റെ ഇതിവൃത്തമായ നോവലിന്റെ പഴയ പുസ്തകം ഒരിക്കൽ കൂടി എടുത്തു. മാർമി എന്ന അതിലെ ബുദ്ധിമതിയും സൗമ്യയുമായ അമ്മയുടെ ആശ്വസിപ്പിക്കുന്ന വാക്കുകൾ ഓർത്തു. അവരുടെ അടിയുറച്ച വിശ്വാസവും അതിൽ നിന്ന് ഉത്ഭവിച്ച, തന്റെ മക്കൾക്ക് നല്കുന്ന ശ്രദ്ധേയമായ പ്രോത്സാഹന വാക്കുകളും ഞാൻ ഓർത്തു. എന്റെ ഓർമ്മയിൽ നിൽക്കുന്ന ഒരു കാര്യം ഇതാണ്: "പ്രശ്നങ്ങളും പ്രലോഭനങ്ങളും അനവധിയുണ്ടാകാം. എന്നാൽ നിങ്ങളുടെ സ്വർഗീയ പിതാവിന്റെ ശക്തിയും ആർദ്രതയും അനുഭവിക്കാൻ പഠിച്ചാൽ നിങ്ങൾക്ക് അവയെല്ലാം അതിജീവിക്കാൻ കഴിയും."
മാർമിയുടെ വാക്കുകൾ പ്രതിധ്വനിക്കുകയാണ് സദൃ. വാ18:10 ൽ: "യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാൻ അതിലേക്ക് ഓടിച്ചെന്ന് അഭയം പ്രാപിക്കുന്നു." പുരാതന നഗരങ്ങളിൽ ശത്രുക്കളുടെ ആക്രമണങ്ങളുണ്ടാകുമ്പോൾ അഭയം തേടാനായി ഗോപുരങ്ങൾ ഉണ്ടാക്കുമായിരുന്നു. അതുപോലെ യേശുവിൽ വിശ്വസിക്കുന്നവർക്ക് തങ്ങളുടെ "ബലവും സങ്കേതവുമായ" (സങ്കീ. 46:1) ദൈവത്തിങ്കലേക്ക് ഓടിച്ചെന്ന് ദൈവിക സംരക്ഷണത്തിൽ സമാധാനം അനുഭവിക്കാൻ കഴിയും.
സദൃ. വാ 18:10 പറയുന്നത് ദൈവത്തിന്റെ 'നാമ' ത്തിലാണ് നമ്മുടെ സംരക്ഷണം എന്നാണ്. നാമം എന്നത് ദൈവത്തെതന്നെയാണ് കാണിക്കുന്നത്. "യഹോവയായ ദൈവം കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ" (പുറ.34:6) എന്നാണ് തിരുവെഴുത്ത് ദൈവത്തെക്കുറിച്ച് പറയുന്നത്. ദൈവിക സംരക്ഷണത്തിന് ആധാരം ദൈവത്തിന്റെ അതുല്യ ബലവും അശരണർക്ക് ആലംബമാകാനുള്ള ആർദ്രഹൃദയവും ആണ്. പ്രയാസത്തിൽ ആയിരിക്കുന്ന ഏവർക്കും നമ്മുടെ സ്വർഗീയ പിതാവ് തന്റെ ബലത്തിലും കരുണയിലും അഭയം ഏകുന്നു.
ദൈവത്തിനായി നന്മ ചെയ്യുക
സാധാരണയായി പണം ഒന്നും കൊണ്ടു പോകാറില്ല എങ്കിലും അന്ന് വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഒരു 5 ഡോളർ (ഏകദേശം 400 രൂപ) പോക്കറ്റിൽ വെക്കണമെന്ന് പാട്രിക്കിനെ ദൈവം തോന്നിപ്പിച്ചു. അയാൾ ജോലി ചെയ്തിരുന്ന സ്കൂളിൽ ഉച്ച ഭക്ഷണ സമയത്ത് അയാൾക്ക് മനസ്സിലായി ഒരു അത്യാവശ്യ സഹായം ചെയ്യാൻ ദൈവം അയാളെ ഒരുക്കുകയായിരുന്നു എന്ന്. ഭക്ഷണശാലയിലെ ബഹളത്തിന്റെയിടയിൽ ഒരു ശബ്ദം മുഴങ്ങി: "സ്കോട്ടി എന്ന ഒരു നിർധന ബാലന്റെ അക്കൗണ്ടിൽ ആരെങ്കിലും 5 ഡോളർ സംഭാവന നല്കുകയായിരുന്നെങ്കിൽ ആ കുട്ടിക്ക് ഒരാഴ്ച ഉച്ചഭക്ഷണം കഴിക്കാൻ കഴിയുമായിരുന്നു." സ്കോട്ടിയെ സഹായിക്കാൻ ആ 5 ഡോളർ നല്കിയ പാട്രിക്കിന്റെ വൈകാരിക ഭാവം നിങ്ങൾക്ക് സങ്കല്പിക്കാൻ കഴിയുമോ?
തിത്തൊസിനുള്ള ലേഖനത്തിൽ പൗലോസ് ക്രിസ്തുവിശ്വാസികളെ ഓർമ്മിപ്പിക്കുകയാണ്," അവൻ നമ്മെ നാം ചെയ്ത നീതി പ്രവൃത്തികളാലല്ല.. രക്ഷിച്ചത്"(3:5) എങ്കിലും നാം സത്പ്രവൃത്തികളിൽ ഉത്സാഹികൾ ആയിരിക്കണം (വാ. 8, 14) എന്ന്. മറ്റൊന്നിനും സമയമില്ലാത്ത വിധം വളരെ ജീവിതം തിരക്കുള്ളതായിരിക്കാം. നമ്മുടെ സ്വന്ത കാര്യങ്ങൾ ചെയ്തു തീർക്കാൻ കഴിയാത്ത വിധം ബ്രഹത്തായിരിക്കാം. എന്നിരുന്നാലും യേശുവിൽ വിശ്വസിക്കുന്നവരായ നാം നന്മ ചെയ്യാൻ സദാ സന്നദ്ധരായിരിക്കണം. നമുക്ക് ചെയ്യാൻ കഴിയാത്തതിനെയും ആവശ്യമില്ലാത്തതിനെയും കുറിച്ച് ആകുലപ്പെടാതെ, ദൈവകൃപയിൽ ആശ്രയിച്ച് നമുക്ക് എന്തു ചെയ്യാൻ കഴിയും എന്നത് ചിന്തിക്കാം. അപ്പോൾ ആളുകളുടെ ആവശ്യസമയത്ത് അവരെ സഹായിച്ച്, ദൈവത്തെ മഹത്വപ്പെടുത്താൻ നമ്മുക്ക് കഴിയും. "അങ്ങനെ തന്നെ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ"(മത്തായി 5:16).
ദൈവത്തിന്റെ അമിത ബലം
1945 മാർച്ചിൽ റൈൻ നദി കടക്കാൻ "ഗോസ്റ്റ് ആർമി - Ghost Army" അമേരിക്കൻ സൈന്യത്തെ സഹായിച്ചു. ഇത് രണ്ടാം ലോക മഹായുദ്ധത്തിന്റെ പടിഞ്ഞാറെ മുന്നണിയിൽ നിന്ന് ശക്തമായ ആക്രമണം നടത്താൻ സഖ്യശക്തികൾക്ക് സഹായമായി. ഈ പട്ടാളക്കാർ തീർച്ചയായും മനുഷ്യരായിരുന്നു, പ്രേതങ്ങൾ ഒന്നുമല്ലായിരുന്നു. 23, ഹെഡ്ക്വാർട്ടേഴ്സ് സ്പെഷ്യൽ ട്രൂപ്പിലെ അംഗങ്ങളായിരുന്നു ഇവർ. 1100 പേരുള്ള ഇവർ 30000 പേരുള്ള ഒരു സൈന്യമാണെന്ന് തോന്നിപ്പിക്കാൻ ഊതി വീർപ്പിക്കുന്ന വ്യാജ ടാങ്കുകളും ഉച്ചഭാഷിണി ഉപയോഗിച്ച് കൃത്രിമമായ അധിക വാഹന ശബ്ദവും മറ്റും ഉപയോഗിച്ചു. താരതമ്യേന വളരെ ചെറിയ ഈ ഗോസ്റ്റ് ആർമി ഒരു വൻ സൈന്യമാണെന്ന വ്യാജ പ്രതീതി ജനിപ്പിച്ച് എതിരാളികളെ ഭയപ്പെടുത്തി.
മിദ്യാന്യരും അവരുടെ സഖ്യവും രാത്രിയിൽ പന്തങ്ങളുമായി വന്ന ഒരു ചെറിയ സൈന്യത്തിന്റെ മുന്നിൽ ഭയന്നു പോയി (ന്യായാ. 7:8-22). ഇസ്രായേലിന്റെ ഒരു ന്യായാധിപനും പ്രവാചകനും സൈന്യ നായകനുമായിരുന്ന ഗിദയോന്റെ നിസ്സാരമായ സൈന്യത്തെക്കൊണ്ട് ദൈവം ശത്രുസൈന്യത്തെ പരിഭ്രമിപ്പിച്ചു. വെട്ടുക്കിളി പോലെ അസംഖ്യമായിരുന്ന (വാ.12) ശത്രുസൈന്യത്തെ , തങ്ങൾ ഭീമമായ ഒരു സൈന്യത്തെയാണ് നേരിടുന്നത് എന്ന് തോന്നിപ്പിക്കാനായി, അവർ ശബ്ദമുണ്ടാക്കുന്ന വസ്തുക്കളും (കാഹളം, മൺകുടം, മനുഷ്യന്റെ അലർച്ച) പ്രകാശം പരത്തുന്നതിന് പന്തങ്ങളും ഉപയോഗിച്ചു. 32000 പേരുള്ള ആ സൈന്യത്തെ ദൈവം പറഞ്ഞ 300 പേർ ഉള്ള സൈന്യം കൊണ്ട് ഇസ്രായേൽ തോല്പിച്ചു (വാ. 2-8). ഇതെങ്ങനെ സാധിച്ചു? ആരാണ് യഥാർത്ഥത്തിൽ യുദ്ധം ജയിച്ചത് എന്ന് ഇതിലൂടെ കാണാൻ കഴിയും. ദൈവം ഗിദയോനോട് പറഞ്ഞു:" ഞാൻ അത് നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു" (വാ. 9).
നാം ബലഹീനരും എളിയവരും ആണെന്ന് കരുതുമ്പോൾ ദൈവത്തെ അന്വേക്ഷിക്കാം, അവന്റെ ശക്തിയിൽ ആശ്രയിക്കാം. കാരണം, അവന്റെ ശക്തി നമ്മുടെ ബലഹീനതയിൽ തികഞ്ഞു വരുന്നു (2 കൊരി.12:9).
യേശു ഉള്ളത്തിൽ വസിക്കുന്നു
പടിഞ്ഞാറൻ അമേരിക്കയിലുള്ള ഞങ്ങളുടെ സംസ്ഥാനത്ത് ഒരു ഹിമവാതം ദുരിതം വിതച്ചപ്പോൾ ഒറ്റക്ക് താമസിച്ചിരുന്ന എന്റെ മാതാവ് കൊടുങ്കാറ്റ് മാറുന്നതുവരെ എന്റെ കൂടെ കഴിയാൻ വന്നു. എന്നാൽ കാറ്റ് ശമിച്ചിട്ടും അമ്മ പിന്നെ തിരികെപ്പോയില്ല. തുടർന്നുള്ള ജീവിത കാലം മുഴുവൻ അവർ ഞങ്ങളുടെ കൂടെ കഴിഞ്ഞു. അമ്മയുടെ സാന്നിധ്യം ഞങ്ങളുടെ വീട്ടിലെ അന്തരീക്ഷം പല വിധത്തിൽ മെച്ചപ്പെടുത്തി. പല കാര്യങ്ങളിലും നല്ല മാർഗ നിർദ്ദേശം നല്കി, കുടുംബാംഗങ്ങളെ ഉപദേശിച്ചു, പഴയ കാല ചരിത്രം പറഞ്ഞുതന്നു. എന്റെ ഭർത്താവും അമ്മയും നല്ല സുഹൃത്തുക്കളായിരുന്നു. നർമ്മത്തിന്റെ കാര്യത്തിലും സ്പോർട്സിലും അവർക്ക് ഒരേ താല്പര്യങ്ങളായിരുന്നു. ഒരു സന്ദർശക എന്ന സ്ഥിതിയിൽ നിന്നും വീട്ടിലെ ഒരു സജീവ അംഗമായി അവർ മാറി - ദൈവം അവരെ വിളിച്ചതിന് ശേഷവും ഞങ്ങളുടെ ഹൃദയങ്ങളിൽ സ്വാധീനമായി നിലനിന്നു.
ഈ അനുഭവം യോഹന്നാൻ യേശുവിനെക്കുറിച്ച് പറഞ്ഞ കാര്യത്തെ ഓർമ്മിപ്പിക്കുന്നു - അവൻ നമ്മുടെയിടയിൽ പാർത്തു എന്നത് (യോഹ.1:14). ഇതൊരു ശ്രദ്ധേയമായ പ്രസ്താവനയാണ്. പാർത്തു എന്നതിന് 'കൂടാരമടിച്ചു' എന്നാണ് ഗ്രീക്കിലെ മൂലാർത്ഥം. മറ്റൊരു തർജമയിൽ 'അവൻ നമ്മുടെയിടയിൽ വീട് വെച്ചു' എന്നാണ്.
വിശ്വാസത്താൽ നാം യേശുവിനെ നമ്മുടെ ഹൃദയത്തിൽ വസിക്കാനായി സ്വീകരിക്കുന്നു. പൗലോസ് ഇങ്ങനെ എഴുതി: "അവൻ തന്റെ മഹത്വത്തിന്റെ ധനത്തിന് ഒത്തവണ്ണം അവന്റെ ആത്മാവിനാൽ നിങ്ങൾ അകത്തെ മനുഷ്യനെ സംബന്ധിച്ച് ശക്തിയോടെ ബലപ്പെടേണ്ടതിനും ക്രിസ്തു വിശ്വാസത്താൽ നിങ്ങളുടെ ഹൃദയങ്ങളിൽ വസിക്കേണ്ടതിനും വരം നല്കണം എന്നും നിങ്ങൾ സ്നേഹത്തിൽ വേരൂന്നി അടിസ്ഥാനപ്പെട്ടവരായി ...." (എഫെ. 3: 16, 17).
ഒരു സന്ദർശകനല്ല യേശു ഇനി; അവനെ അനുഗമിക്കുന്നവരുടെ ഉള്ളത്തിൽ അവൻ സ്ഥിരമായി വസിക്കുന്നു. നമ്മുടെ ഹൃദയവാതിലുകൾ മലർക്കെ തുറന്ന് ഈ യേശുവിനെ സ്വീകരിക്കാം.